'ഒരു സ്ഥാനം കിട്ടി എന്നുവെച്ചു കൊമ്പൊന്നും ഇല്ലല്ലോ'; പ്രേം കുമാറിന്റെ സീരിയല്‍ വിമര്‍ശനത്തില്‍ ധര്‍മജന്‍

'സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേം കുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്'

dot image

ചില മലയാളം സീരിയലുകൾ 'എന്‍ഡോസള്‍ഫാന്‍' പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ വിമർശനത്തിൽ പ്രതികരിച്ച് നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധർമജൻ ബോൾ​ഗാട്ടി. പ്രേം കുമാർ സീരിയലിലൂടെയാണ് സജീവമായത്. ഒരു സ്ഥാനം ലഭിച്ചു എന്നത് കൊണ്ട് തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നും ധർമജൻ ഫേസ്ബുക്കിൽ കുറിച്ചു.

'ഞാൻ മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേം കുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ,' എന്നായിരുന്നു ധർമജന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമർശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാർ വ്യക്തമാക്കിയിരുന്നു.

'കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അ‌തേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌തിനിടെ സെൻസറിങ്ങിന് സമയമില്ല,'

'ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം,' എന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്.

Content highlights: Dharmajan Bolgatty comments on Premkumar's serial criticism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us