ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി കൃതി സനന്‍. താരമക്കളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഇന്‍ഡസ്ട്രി ചിന്തിക്കുന്നതിന് പിന്നില്‍ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്ന് പറയുകയാണ് കൃതി സനന്‍. ഗോവയില്‍ നടക്കുന്ന 55ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
'സിനിമാതാരങ്ങളുടെ മക്കളെ കുറിച്ച് മീഡിയ പുറത്തുവിടുന്ന വാര്‍ത്തകള്‍ കാണാന്‍ ജനങ്ങള്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. ഈ 'സ്റ്റാര്‍ കിഡ്‌സിനെ' കാണാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടല്ലോ എന്ന് മനസിലാക്കുന്ന ഇന്‍ഡസ്ട്രി അവരെ സിനിമയിലും കൊണ്ടുവരുന്നു. അവരെ വെച്ച് സിനിമയെടുക്കാം എന്ന് കരുതുന്നു. ഇതൊരു സര്‍ക്കിളായി തുടരുകയാണ്,' കൃതി സനന്‍ പറഞ്ഞു.
അതേസമയം കഴിവുള്ളവര്‍ക്കേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയൂവെന്നും കൃതി പറഞ്ഞു. പ്രേക്ഷകരുമായി സംവദിക്കാനും അവരുമായി ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞാലേ സിനിമയില്‍ വിജയിക്കാനാകൂ എന്നാണ് കൃതിയുടെ വാക്കുകള്‍.
സിനിമാ കുടുംബത്തില്‍ നിന്നുമല്ലാത്ത താന്‍ ഇന്ന് കാണുന്ന നിലയിലെത്താന്‍ നടത്തിയ കഠിനാധ്വാനത്തെ കുറിച്ചും കൃതി സോനന്‍ സംസാരിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് സിനിമയില്‍ സ്വപ്‌നം കാണുന്ന ലക്ഷ്യത്തിലെത്താന്‍ ഏറെ സമയമെടുക്കുമെന്നും മാഗസിന്‍ കവറിലെത്തുക എന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം കഠിനമാണെന്നും നടി പറഞ്ഞു. എന്നാല്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷവും പരിശ്രമം തുടരാന്‍ തയ്യാറായാല്‍ വിജയം വിദൂരമല്ലെന്നും കൃതി കൂട്ടിച്ചേര്‍ത്തു.
മിമി എന്ന ചിത്രത്തിലൂടെ 2021ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കൃതി സനന്‍ ബോളിവുഡില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്. ദോ പത്തി എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലാണ് നടി ഒടുവില്‍ വേഷമിട്ടത്.
Content Highlights: Kriti Sanon says media and audience are responsible for nepotism and star kids' movies