മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നാളെ തിയേറ്ററുകളിലെത്തുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിക്കുന്നത്. ആദ്യ ദിനം വല്ല്യേട്ടൻ മികച്ച കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
നാളെ പിവിആർ ഉൾപ്പടെയുള്ള മൾട്ടിപ്ളെക്സുകളിൽ ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ 99 രൂപയായി കുറച്ചിട്ടുണ്ട്. ഇതും വല്ല്യേട്ടന് ആദ്യ ദിനത്തിൽ കളക്ഷൻ കൂടാൻ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് ആശംസകളുമായി കഴിഞ്ഞ ദിവസം മമ്മൂട്ടിയെത്തിയിരുന്നു. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്ല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന മാസ്സ് കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.
രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല. മോഹൻലാൽ സിനിമകളായ ദേവദൂതനും സ്‌ഫടികവും മണിച്ചിത്രത്താഴും റീ റിലീസിൽ വലിയ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. അതേവിജയം വല്ല്യേട്ടനും ആവർത്തിക്കാനാകുമെന്നാണ് മമ്മൂട്ടി ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: Mammootty film Vallyettan all set for a big re release