ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വിജയ് സൂപ്പറും പൗർണിമയും, വരത്തൻ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായതോടെ ഐശ്വര്യ തമിഴകത്തേക്കും തെലുങ്കിലേക്കും കടന്നിരുന്നു. തമിഴിൽ വിഷ്ണു വിശാലിന്റെ നായികയായി ഐശ്വര്യ എത്തിയ ചിത്രമായിരുന്നു ഗാട്ടാ ഗുസ്തി. സിനിമയുടെ ചിത്രീകരണ സമയത് നിരവധി പരിക്കുകൾ പറ്റിയെന്നും നായകന്മാരായി അഭിനയിക്കുന്നവർ ഫൈറ്റ് ചെയ്യുമ്പോൾ എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും പറയുകായാണ് ഐശ്വര്യ ലക്ഷ്മി. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'വരത്തൻ, മായാനദി എന്നീ സിനിമകള്‍ കഴിഞ്ഞ ഉടൻ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്‌താൽ ശെരിയാവില്ല എന്നോർത്ത് വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല ഞാൻ ചെയ്താൽ ശെരിയാവില്ല എന്നതുകൊണ്ടാണ് വിട്ടത്. രണ്ടാമതും ഈ കഥ കേട്ടപ്പോൾ എനിക്ക് തോന്നി ഇത് ഞാൻ ചെയ്‌താൽ കുഴപ്പം ഇല്ലാലോ എന്ന്.
എനിക്ക് പ്രീപ്പയർ ചെയ്യാനുള്ള സമയം കുറവായിരുന്നു. അവർക്ക് കണ്ടാൽ സ്ട്രോങ്ങ് ആണെന്ന് തോന്നണം. അതിനു വേണ്ടി പത്ത് കിലോയോളം വണ്ണം കൂട്ടി. അഞ്ചു മാസത്തോളം എടുത്തു തടി വെയ്ക്കാൻ തന്നെ, ഒന്നര മാസത്തിൽ ഷൂട്ട് തുടങ്ങുകയും ചെയ്യണമായിരുന്നു. ആരോഗ്യപരമായി ആ സിനിമ എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അത്യാവശ്യം നന്നായി ബുദ്ധിമുട്ടി. കുറെ പരിക്കുകൾ ഉണ്ടായി. ഈ നായന്മാരൊക്കെ ഫൈറ്റ് ചെയ്യുമ്പോൾ എങ്ങനെയാ നിങ്ങൾ ഇത് ചെയ്ത് പോകുന്നത് എന്ന അത്ഭുതമാണ്. എവിടെന്നാ പരിക്കുകൾ പറ്റുന്നത് എന്ന് അറിയാൻ പോലും പറ്റുന്നില്ല. ഗുസ്തി മുഴുവൻ പരിശീലിച്ച് ആദ്യ ഷോർട്ട് എടുക്കുന്ന സമയത് എനിക്ക് കഴുത്തിന് പരിക്ക് പറ്റി. അതുകൊണ്ട് തന്നെ പരിശീലിച്ച മൂവ്മെന്റുകൾ പലതും ചെയ്യാൻ പറ്റിയില്ല. ഉള്ളത് വച്ച് അന്ന് ഷൂട്ട് ചെയ്ത് തീർക്കുകയായിരുന്നു' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
2022 ൽ ചെല്ല അയ്യാവു രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ കോമഡി സ്പോർട്സ് ഡ്രാമ ചിത്രമാണ് ഗാട്ടാ ഗുസ്തി. കീർത്തി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ ഐശ്വര്യയുടെ ഫൈറ്റ് സീനുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. തമിഴ് നാട്ടിൽ സിനിമയെ ആഘോഷമാക്കിയിരുന്നു.
Content Highlights: Aishwarya Lekshmi about the movie Gatta Kusthi