'ലിയോ'യിലൂടെ റീമേക്കുമായി വിജയ് എത്തി, ഇനി അജിത്തിൻ്റെ ഊഴം; 'വിടാമുയർച്ചി' ആ ഹോളിവുഡ് സിനിമയുടെ റീമേക്കോ?

പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും

dot image

അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിന്റെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നിറയെ ആക്ഷനും ഒപ്പം ഇമോഷനുമുള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അജിത്തിന്റെ കഥാപാത്രം ആരെയോ തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സിനിമയുടെ ആദ്യ വിഷ്വലുകൾ കാണുമ്പോൾ മനസിലാകുന്നത്. ടീസറിന്റെ റിലീസിന് പിന്നാലെ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു വിവരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

1997 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൻ്റെ റീമേക്ക് ആണ് വിടാമുയർച്ചി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പോസ്റ്റുകൾ. വിടാമുയർച്ചിയുടെ ടീസറിലെ വിഷ്വലുകളും ബ്രേക്ക്ഡൗണിൻ്റെ സീനുകളും പരിശോധിക്കുമ്പോൾ അജിത് ചിത്രം ഈ ഹോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അണിയറപ്രവർത്തകരിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. തന്റെ ഭാര്യയായ എമിയെ ഒരു യാത്രക്കിടയിൽ കാണാതാകുന്നതും തുടർന്ന് അവളെ കണ്ടെത്താനായി ഭർത്താവായ ജെഫ് ടെയ്‌ലർ നടത്തുന്ന ശ്രമങ്ങളുമാണ് ബ്രേക്ക്ഡൗണിൻ്റെ ഇതിവൃത്തം. ജൊനാഥൻ മോസ്റ്റോ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും തുടർന്ന് ഒരു കൾട്ട് ഫോളോയിങ് ഉള്ള സിനിമയാകുകയും ചെയ്തിരുന്നു.

പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. ടീസറിൽ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Ajith film Vidaamuyrachi is a remake of Breakdown according to reports

dot image
To advertise here,contact us
dot image