സോഷ്യൽ മീഡിയ ഭരിക്കാൻ അടുത്ത ഗാനം; ബേബി ജീനിന്റെ ശബ്ദത്തിൽ 'മാർക്കോ'യിലെ പ്രോമോ സോങ് പുറത്ത്

'ഓൻ നിന്റെ മാർപാപ്പ' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാപ്പര്‍ ബേബി ജീന്‍ ആണ്.

dot image

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമയാണ് 'മാർക്കോ'. വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രോമോ സോങ് അണിയറപ്രവർത്തകർ പുറത്തിറക്കി. 'ഓൻ നിന്റെ മാർപാപ്പ' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാപ്പര്‍ ബേബി ജീന്‍ ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് ഈണം പകർന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസര്‍ മ്യൂസിക്ക് ഒരുക്കിയത് സയീദ് ആയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനമായ ബ്ലഡ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡാബ്​സിയുടെ ശബ്ദത്തിൽ ആദ്യം പുറത്തിറക്കിയ ഗാനത്തിന് എന്നാൽ മോശം പ്രതികരണമായിരുന്നു ആദ്യം ലഭിച്ചത്. ഗാനത്തിന് ഡാബ്​സിയുടെ ശബ്ദം ഒട്ടും ചേരുന്നില്ലെന്ന പ്രതികരണം വന്നതിനെത്തുടർന്ന് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉൾക്കൊള്ളിച്ച് ബ്ലഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ ഡാബ്സിയുടെയും സന്തോഷ് വെങ്കിയുടെയും ശബ്ദത്തിലുള്ള ഒരേ പാട്ടിന്‍റെ രണ്ട് വീഡിയോകളുണ്ട്.

ചിത്രത്തിലെ ഫൈറ്റ് സീനുകളെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. വെറുതെ ആറോ ഏഴോ ഫൈറ്റ് അല്ല സിനിമയിൽ ഉള്ളതെന്നും ഓരോ ആക്ഷൻ സീനിലും എന്തിനാണ് ഹീറോ വില്ലനുമായി ഫൈറ്റിൽ ഏർപ്പെടുന്നത് എന്നതിന് ഒരു കൃത്യമായ കാരണം തിരക്കഥയിൽ തന്നെ ഉണ്ടെന്നുമാണ് ചിത്രത്തെക്കുറിച്ച് ജഗദീഷ് പറഞ്ഞത്. സിനിമയിലെ വയലൻസിനെക്കുറിച്ച് ജഗദീഷും എഡിറ്റർ ഷമീർ മുഹമ്മദും പറഞ്ഞ വാക്കുകൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റർ 1 ,2 ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. ചിത്രം ഡിസംബർ 20 ന് തിയേറ്ററിലെത്തും.

Content Highlights: Marco promo song out now with baby jean vocals

dot image
To advertise here,contact us
dot image