കേരളം വഴിയും പുഷ്പ ചന്ദനം കടത്തും, ഇത് അല്ലുവിന്റെ വക മലയാളികൾക്കുള്ള ട്രീറ്റ്

എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും

dot image

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2 ദി റൂൾ'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ പീലിംഗ് ഗാനത്തിന്റെ പ്രമോ എത്തിയിരിക്കുകയാണ്. ഡിസംബർ ഒന്നിനാണ് പാട്ട് പൂർണമായും പുറത്തുവിടുന്നത്.വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്.

ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്. ഞൊടിയിടയിലാണ് പുഷ്പയിലെ ഈ ഗാനം ആരാധകരുടെ ശ്രദ്ധനേടിയത്. നേരത്തെ പുറത്തുവിട്ട കിസ്സിക് ഗാനത്തിനേക്കാൾ മികച്ചതാണ് പീലിംഗ് എന്ന ഗാനം എന്നും പ്രതികരണങ്ങൾ ഉണ്ട്. മലയാളികൾക്കുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അല്ലു അർജുൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും' എന്നാണ് അല്ലു പ്രൊമോഷൻ ഭാഗമായി കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്.

പുഷ്പ 2വില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിനെ കുറിച്ചും അല്ലു അര്‍ജുന്‍ ചടങ്ങില്‍ വെച്ച് സംസാരിച്ചിരുന്നു. പുഷ്പ 2 വില്‍ ഫഹദ് തകര്‍ത്തിട്ടുണ്ടെന്നും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

Content Highlights: pushpa 2 movie peeling song promo out now

dot image
To advertise here,contact us
dot image