ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ജിഗ്ര'. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. 80 കോടിയിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 62 കോടി രൂപയാണ് നേടിയത്. ഇതിൽ 37 കോടി രൂപയാണ് ഇന്ത്യൻ ബോക്സ്ഓഫീസിലെ കളക്ഷൻ. ഇപ്പോഴിതാ ഒടുവില്‍ ഒടിടിയില്‍ എത്തുകയാണ്. ഒക്ടോബര്‍ 10ന് റിലീസായ ചിത്രം രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ഡിസംബര്‍ 6ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ നിര്‍മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സംവിധായകൻ വാസൻ ബാലയുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ആലിയ തന്നെ ഏറെ വിശ്വസിച്ചിരുന്നു എന്നും ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നുമാണ് ഫീവർ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വാസന്‍ ബാല പറഞ്ഞത്. ഇതിനിടെ 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു.
ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ മികച്ച അഭിപ്രായം നേടാന്‍ കഴിയാതിരുന്നതോടെ സിനിമയുടെ കളക്ഷന്‍ കുത്തനെ ഇടിയുകയായിരുന്നു.
Content Highlights: Alia Bhatt starrer Jigra is coming to OTT