നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നയൻതാര പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ‘നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും’, എന്നാണ് നയൻതാരയുടെ സ്റ്റോറി. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും എന്നത് പ്രത്യേകം അടിവരയിട്ടാണ് നയൻതാര പങ്കുവെച്ചിരിക്കുന്നത്. ഈ സ്റ്റോറി ധനുഷിനുള്ള താക്കീതാണ് എന്ന മട്ടിലാണ് പ്രചരിക്കുന്നത്.
'നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ധനുഷിന്റെ വക്കീല്‍ നോട്ടീസിന് നയന്‍താര അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രതികരണം. പകര്‍പ്പാവകാശ ലംഘനം നടന്നിട്ടില്ലെന്നാണ് നയന്‍താര നല്‍കിയ മറുപടി. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സിനിമയിലെ ദൃശ്യങ്ങളല്ലെന്നും സ്വകാര്യലൈബ്രറിയില്‍ നിന്നുള്ളവയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തിരുന്നു.
എന്നാൽ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു. ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നയന്‍താര ഉന്നയിച്ചത്.
Content Highlights: Is the story shared by Nayanthara a reply to Dhanush?