വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഈ വർഷം ജൂണിൽ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം ഇന്നലെ മുതൽ ചൈനയിലും പ്രദർശനം ആരംഭിച്ചിരുന്നു. ആദ്യ ദിനം പിന്നിട്ടപ്പോൾ ചൈനീസ് ബോക്സ് ഓഫീസിലും സിനിമ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.
മഹാരാജ ആദ്യദിനത്തിൽ 10 കോടിയോളം രൂപയാണ് ചൈനയിൽ നിന്ന് നേടിയിരിക്കുന്നത് എന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഒരു ഇന്ത്യൻ ചിത്രം ചൈനയിൽ നിന്ന് നേടുന്ന ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണ് ഇത്. റിലീസിന് മുൻപായി സംഘടിപ്പിച്ച പ്രിവ്യൂ ഷോയിലും സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Maharaja box office collection day 1 in China