എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഈ വേളയിൽ സിനിമയെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
എമ്പുരാൻ പൂർത്തിയായതിലൂടെ ആശിർവാദ് സിനിമാസിന്റെ 25 വര്‍ഷത്തെ സ്വപ്‍നം
യാഥാര്‍ത്ഥ്യമാവുകയാണ്. എല്ലാവരും ചർച്ച ചെയ്യുന്നതിനപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ചെയ്യുക എന്നതായിരുന്നു തങ്ങളുടെ ആഗ്രഹം. വ്യക്തിപരമായി താനും ഏറ്റവും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു. ഈ പ്രോജക്ടിലൂടെ ആ സ്വപ്നം നേടിയെടുത്തതായി കരുതുന്നു എന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു.
മോഹൻലാലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനെന്നും പൃഥ്വിരാജ് രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണെന്നും വിശ്വസിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ ഇവർ രണ്ടുപേരും ഒന്നിക്കുമ്പോൾ ഗംഭീരമായ സിനിമ തന്നെയുണ്ടാകുമെന്ന് കരുതുന്നു എന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു. ഈ ചിത്രത്തിൽ തങ്ങൾക്കൊപ്പം സഹകരിച്ച ലൈക്ക പ്രൊഡക്ഷൻസിന് നന്ദി പറഞ്ഞ ആന്റണി പെരുമ്പാവൂർ എമ്പുരാൻ ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു.
വിവിധ ഷെഡ്യൂളുകളും ലൊക്കേഷനുകളുമായി നടന്ന എമ്പുരാന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരവും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാന്‍ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Antony Perumbavoor shares post about Empuraan movie