തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരീസ് ആയിരുന്നു ‘ക്വീന്‍’. വെബ് സീരീസിൽ എംജിആര്‍ ആയി അഭിനയിച്ചത് മലയാളി നടൻ ഇന്ദ്രജിത്ത് സുകുമാരനായിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി മോഹൻലാൽ ചിത്രം ഇരുവർ റഫറൻസായി എടുത്തിട്ടുണ്ടെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ഒരുപാട് പഴയ വിഷ്വൽസും പുസ്തകങ്ങളുമെല്ലാം ആ സമയത്ത് എംജിആർ സാറിനെ കുറിച്ച് ഞാൻ വായിച്ചിരുന്നു. അങ്ങനെയാണ് ആ സീരീസ് ഞാൻ ചെയ്യുന്നത്. എന്നോട് ഗൗതം പറഞ്ഞത്, പൂർണമായി അദ്ദേഹത്തെ പോലെ ആവാൻ ശ്രമിക്കരുത് ഇന്ദ്രജിത്തിന്റെ രീതിയിൽ ചെയ്യണം എന്നായിരുന്നു. മിമിക് ചെയ്യേണ്ട എന്നാണ് ഗൗതം പറഞ്ഞത്. അങ്ങനെ ഞാൻ എന്റെയൊരു രീതിയിലാണ് അതിനെ അപ്പ്രോച്ച് ചെയ്തത്. എന്തുകൊണ്ടോ അത് നന്നായി വർക്കായി വന്നു.
ഇരുവർ എന്ന ചിത്രം നേരത്തെ തന്നെ ഞാൻ കണ്ടിട്ടുണ്ട്. ഇരുവരിൽ ആണെങ്കിലും എംജിആറിനെ ലാലേട്ടൻ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിലാണ്. അത് തന്നെയായിരുന്നു ഗൗതമിനും ആവശ്യം. മിമിക് ചെയ്യാൻ പോയാൽ പെർഫോമൻസ് ചിലപ്പോൾ കയ്യിൽ നിന്നുപോകും അതുകൊണ്ട് ഇന്ദ്രജിത്തിന്റെ രീതിയിൽ എംജിആർ സാറിന്റെ കാര്യങ്ങൾ മനസിലാക്കി അവതരിപ്പിച്ചാൽ മതിയെന്ന് ഗൗതം പറഞ്ഞു. അതിന്റെ ഒരു ഭംഗി ആ കഥാപാത്രത്തിനുണ്ട്,’ ഇന്ദ്രജിത്ത് പറഞ്ഞു.
1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയ നേതാക്കളായിരുന്ന എം ജി രാമചന്ദ്രന്റെയും എം കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി മാറി.
അതേസമയം, ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്വീന്‍ വെബ് സീരീസ് സംവിധാനം ചെയ്തത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരുന്നത്.
Content Highlights: Indrajith Sukumaran said that the Queen web series was made as a reference to Mohanlal's character