അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന സിനിമയിലെ പുതിയ ഗാനം ഇന്നലെ റിലീസ് ചെയ്തിരുന്നു. പീലിങ്സ് എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ട്രെൻഡിങ്ങുമാണ്. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനം ഇറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയും സജീവമാണ്.
ഈ ഗാനത്തിന്റെ സംഗീതത്തിന് മറ്റൊരു ഗാനവുമായി സാമ്യതകളുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന സിനിമയിലെ 'ഒഡിമഗ' എന്ന ഗാനവുമായി പീലിങ്സിന് സാമ്യതകളുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. സുഷിൻ ശ്യാമായിരുന്നു ആവേശത്തിന് സംഗീതം നൽകിയത്. ഈ രണ്ടുപാട്ടുകളും ചേർത്തുവെച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
പീലിങ്സ് സോഷ്യൽ മീഡിയയിൽ ട്രെന്റിങായി തുടരുകയാണ്. ചടുലമായ സംഗീതവും അതിനൊപ്പം അല്ലുവിന്റെയും രശ്‌മികയുടെയും കിടിലൻ ഡാൻസുമാണ് ഗാനത്തിന്റെ പ്ലസ് പോയന്റുകൾ. വിവിധ ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്. ഞൊടിയിടയിലാണ് പുഷ്പയിലെ ഈ ഗാനം ആരാധകരുടെ ശ്രദ്ധ നേടിയത്. മലയാളികൾക്കുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അല്ലു അർജുൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും' എന്നാണ് അല്ലു പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്.
Content Highlights: Pushpa Peelings song and Aavesham song comparison in social media