റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസമായിരുന്നു അഞ്ജു പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അഞ്ജു വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരൻ ആണ് വരൻ. ഇപ്പോഴിതാ, വിവാഹവീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഞ്ജു.
'ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും' എന്ന തലക്കെട്ടോടെയാണ് അഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നടി ഐശ്വര്യ ലക്ഷ്മിയേയും ദൃശ്യങ്ങളിൽ കാണാം. വരൻ ആദിത്യ പാട്ടുപാടുന്നതും വീഡിയോയിലുണ്ട്.
നേരത്തെ, ഇരുവരുടേയും വിവാഹ റിസപ്ക്ഷന്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മാധ്യമങ്ങളെ അറിയിക്കാതിരുന്നതെന്നുമാണ് അഞ്ജു പ്രതികരിച്ചത്. പ്രണയവിവാഹമാണോ എന്നതിനേക്കുറിച്ചും തങ്ങള്‍ പരിചയപ്പെട്ടതിനേക്കുറിച്ചും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് സ്വകാര്യമായി വെയ്ക്കാനാണ് താല്പര്യമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. പിന്നീട് ഒരു അവസരത്തില്‍ അക്കാര്യം പറയാമെന്നുമാണ് ഇരുവരും പറഞ്ഞത്.
Content Highlights: Singer Anju Joseph shared her wedding video