സിനിമാഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി പറയ്യുന്നു. എന്നാൽ മുന്നോട്ട് യാത്ര ചെയ്യുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും.വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു,' എന്ന് വിക്രാന്ത് മാസി കുറിച്ചു. 37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
പുതിയ ചിത്രമായ ‘ദി സബർമതി റിപ്പോർട്ട്’ പ്രദർശനം തുടരവെയാണ് നടൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ട്വല്‍ത്ത് ഫെയില്‍’, 'സെക്ടർ 36' എന്നിങ്ങനെ നടന്റെ അടുത്തിറങ്ങിയ സിനിമകളിലെ പ്രകടനങ്ങളും ഏറെ ചർച്ചയായിരുന്നു. ഈ വേളയിൽ നടന്റെ വിരമിക്കൽ പ്രഖ്യാപനം പ്രേക്ഷകരെ ഞെട്ടലിലാക്കിയിരിക്കുകയാണ്. എന്തിനാണ് ഇപ്പോൾ ഈ തീരുമാനം സ്വീകരിച്ചത് എന്ന് പല പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.
ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിക്രാന്ത് മാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2013-ൽ ലൂട്ടേര എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എ ഡെത്ത് ഇൻ ദ ഗഞ്ച്, ജിന്നി വെഡ്‌സ് സണ്ണി, ഹസീൻ ദിൽറുബ, ലവ് ഹോസ്റ്റൽ തുടങ്ങിയ സിനിമകളിലെ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: Vikrant Massey announces retirement from acting at 37