'എമ്പുരാനിൽ വില്ലൻ ആരാണെന്ന് അറിയില്ല, കഥ അറിയാവുന്നത് നാലു പേർക്ക് മാത്രം'; നന്ദു

'കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീൽ ചെയ്‌താൽ മതി'

dot image

എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് നടൻ നന്ദു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എമ്പുരാനിലെ വില്ലൻ ആരാണെന്ന് അറിയില്ലെന്നും ചിത്രത്തിന്റെ കഥയറിയുന്നത് നാലുപേർക്ക് മാത്രമാണെന്നും ആണ് നന്ദു പറഞ്ഞത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്കും അറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, നിർമിക്കുന്ന ആന്റണി പെരുമ്പാവൂർ ഇതിലെ നായകൻ മോഹൻലാൽ ഇവർ നാലുപേർക്കേ സിനിമയുടെ കഥ എന്താണെന്ന് അറിയുകയുള്ളൂ. മോഹൻലാലിൻറെ കഥാപത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. രണ്ട് ട്രാക്ക് ഉള്ളത് കൊണ്ട് ഏതിലെയാ, എങ്ങനെയാ പോകുന്നത് എന്ന് അറിയില്ല. കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ.

ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീൽ ചെയ്‌താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് ആണ് വലുത്' നന്ദു പറഞ്ഞു.

അതേസമയം, 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights:  Nandalal Krishnamoorthy about empuraan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us