"ലാലേട്ടന്റെയും മമ്മൂക്കയുടെയും പുറകെ നടക്കുന്ന സമയം, തെലുങ്കിൽ നിന്ന് വന്ന അല്ലു എന്ന പയ്യനെ ശ്രദ്ധിച്ചില്ല"

അല്ലു അര്‍‌ജുന്‍ സിനിമകളിലെ മൊഴിമാറിയെത്തിയ മലയാളം പാട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ അജിത്ത് സുകുമാരന്‍

dot image

മലയാളി പ്രേക്ഷകർക്കിടയിൽ മറ്റൊരു അന്യഭാഷാ നടനും ലഭിക്കാത്ത സ്വീകാര്യതയാണ് അല്ലു അർജുന് ലഭിച്ചിട്ടുള്ളത്. ആര്യ മുതൽ പുഷ്പ 2 വരെയുള്ള നടന്റെ ഓരോ സിനിമയെയും അതിലെ ഗാനങ്ങളെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ആര്യ ചിത്രത്തിലെ ഗാനം മൊഴിമാറ്റം ചെയ്യാൻ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ അജിത്ത് സുകുമാരന്‍. അല്ലു അര്‍ജുന്‍ സിനിമകള്‍ മലയാളത്തിലേക്ക് ആദ്യമെത്തിയ സമയത്ത് ശ്രദ്ധിച്ചിരുന്നില്ലെന്നും പിന്നീട് നടന്‍റെ സിനിമകളുടെ ഭാഗമായത് എങ്ങനെയെന്നും പറയുകയാണ് അജിത്ത് സുകുമാരന്‍. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത്ത് സുകുമാരന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

"ആര്യ എന്ന സിനിമ വന്നപ്പോൾ ഒരു പുതിയ പയ്യൻ തെലുങ്കിൽ നിന്ന് വന്നു അവന്റെ പടം കുറേ ദിവസം ഓടി എന്നൊക്കെ പറഞ്ഞു. അന്ന് ആ പടം ഞാൻ കണ്ടിട്ടില്ല. നമ്മൾ നമ്മുടെ ലാലേട്ടന്റെയും മമ്മൂക്കയുടെയും പുറകെ നടക്കുന്ന സമയമാണല്ലോ. അപ്പോൾ ഇവനെ ശ്രദ്ധിച്ചിട്ടില്ല. വിജയ് കരുൺ എന്ന് പറഞ്ഞ മ്യൂസിക് ഡയറക്ടറെ ആയിരുന്നു അല്ലു അര്‍ജുന്‍റെ അടുത്ത ചിത്രമായ 'ഹാപ്പി'യിലേക്ക് പാട്ടുകൾ ചിട്ടപ്പെടുത്താൻ കണ്ടു വെച്ചിരുന്നത്.

Ajith Sukumaran
അജിത്ത് സുകുമാരന്‍

അന്ന് പുള്ളിയുടെ കഷ്ടകാലവും എന്റെ നല്ല സമയവും കൊണ്ട് ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ കാലൊടിഞ്ഞു. അങ്ങനെയാണ് ഖാദർ ഹസ്സൻ എന്നെ വിളിക്കുന്നത്. ചിത്രത്തിൽ ജോയിൻ ചെയ്യണം എന്ന് പറഞ്ഞു. വന്നപ്പോൾ പുതിയ ലോകമാണ്. മറ്റ് സിനിമകളില്‍ ഫുൾ ഫ്രീഡം പോലെ ചെയ്യാം, നമ്മൾ ആണല്ലോ കമ്പോസ് ചെയ്യുന്നത്. ഇത് അവരുടെ മ്യൂസിക്കിൽ നമ്മൾ ചെയ്യുന്നതാണ്. സിനിമ മുഴുവൻ കാണിച്ചു തന്നു. കണ്ടപ്പോൾ തന്നെ ത്രില്ലടിച്ചു. വേറെ ഒരു മൂഡും

ഇതുവരെ കാണാത്ത കുസൃതി നിറഞ്ഞ സ്റ്റാറും. അങ്ങനെ അന്ന് തുടങ്ങിയ യുദ്ധമാണ്, അല്ലു അർജുന്റെ സിനിമകൾക്ക് പാട്ടുകൾ ചെയ്യുന്നത്' അജിത് സുകുമാരൻ പറഞ്ഞു.

അതേസമയം, അല്ലു അർജുൻ നായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.

Content Highlights: ajith sukumaran shares allu arjun movie malayalam remake songs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us