മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സി'നായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മമ്മൂട്ടിയും ജിവിഎമ്മും ആദ്യമായി ഒന്നിക്കുന്നു എന്നതിനൊപ്പം ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സിന്റെ ടീസര്‍ റിലീസ് മുന്നോടിയായി സംവിധായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'വിനീതവും യഥാർത്ഥവുമായ അനുഭവത്തിന് മമ്മൂട്ടി സാറിന് നന്ദി. തിയേറ്ററുകളിലേക്കുള്ള യാത്രയുടെ തുടക്കം ഇതാ' എന്നാണ് ഗൗതം മേനോൻ കുറിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്യുന്നത്. നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് മികച്ച
സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു അന്വേഷകന്റെ മുറി പോലെ തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഡിസൈന്‍ വലിയ ആകാംക്ഷയായിരുന്നു പ്രേക്ഷകരിലുണ്ടാക്കിയത്.
ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പിആര്‍ഒ ശബരി തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Gautham Vasudev Menon posts about Dominic and the ladies purse