ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത്. പോത്തുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഹണി റോസിനെ പുതിയ പോസ്റ്ററില്‍ കാണാം.
റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചലെന്ന് ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു. റേച്ചലായി എന്നെ കണ്ടത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരാന്‍ ഈ സിനിമയാണ് ഏറ്റവും മികച്ചതെന്ന തോന്നിയെന്നും നടി പറഞ്ഞിരുന്നു.
മോണ്‍സ്റ്റര്‍, കുമ്പസാരം, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളില്‍ എനിക്ക് അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ റേച്ചല്‍ ഇതിനെല്ലാം മുകളിലാണ്. പ്രേക്ഷകര്‍ ഇതുപോലൊരു കഥയും കഥാപാത്രത്തെയും അനുഭവിക്കുന്നത് ആദ്യമായിരിക്കും. ഞാന്‍ ചെയ്താല്‍ റേച്ചല്‍ നന്നാകും എന്ന തോന്നല്‍ എനിക്കുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യ ഞാനാണെന്നാണ് കഥ കേട്ടപ്പോള്‍ തോന്നിയതെന്നും ഹണി റോസ് പറഞ്ഞു.
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിന്റെ കഥയെഴുതിയിരിക്കുന്നത് രാഹുല്‍ മണപ്പാട്ട് ആണ്. രാഹുലും സംവിധായകന്‍ എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ്. ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍ എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി എന്നീ ഭാഷകളിലും റേച്ചല്‍ എത്തുന്നുണ്ട്.
Content Highlights: Honey Rose new movie Rachel will release on 10 January 2025