നടി കീര്‍ത്തി സുരേഷിന്റെ വിവാഹ തീയതി പുറത്ത്. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് വിവാഹം നടക്കുക. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ഇരുവരുടെയും വിവാഹക്കത്ത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
കഴിഞ്ഞ ദിവസം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീർത്തി കുറിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.
നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. പെെലറ്റ്സ്, കുബേരൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് കീർത്തി സിനിമയിലേക്ക് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ നായികയായുള്ള അരങ്ങേറ്റം.
തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായ നടി തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ്. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീര്‍ത്തി നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ നടി അരങ്ങേറ്റം കുറിക്കുകയാണ്.
Content Highlights: Keerthy Suresh and Antony Thattil wedding on december 12