കൊത്ത കൈവിട്ടാലെന്താ, കേരളം ഭാസ്കറിന് ലക്കിയായി; ദുൽഖർ ചിത്രത്തിന്റെ കേരള കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്

dot image

ദുൽഖർ സൽമാൻ നായകനായി എത്തി തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായത്തോടെയാണ് തിയേറ്റർ വിട്ടത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്.

കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിന്റേതായി മലയാളത്തിൽ സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ഒരു ഇടവേളക്ക് ശേഷമെത്തിയ ദുൽഖർ സിനിമ ആയതിനാൽ ലക്കി ഭാസ്കറിന് കേരളത്തിൽ വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ. മൂന്ന് കോടി രൂപക്ക് ആണ് വേഫറർ ഫിലിംസ് സിനിമയുടെ കേരള വിതരണാവകാശം നേടിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയുടെ ലാഭം കോടികളാണ്.

ലക്കി ഭാസ്കർ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടി തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കി. സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights: Dulquer film Lucky Bhaskar Kerala collection report out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us