രജനിയോ അല്ലുവോ, നായകൻ ആരുമാകട്ടെ, എൻട്രി മുതൽ പടം തന്റേതാക്കുന്ന ഫഹദ് മാജിക് പുഷ്പയിലുമുണ്ട്

എൻട്രി മുതൽ ഫഹദിന്റെ ഷോയാണ് സിനിമയിൽ എന്നാണ് അഭിപ്രായം

dot image

അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് സിനിമയിലെ പ്രധാന വില്ലൻ വേഷത്തിലെത്തിയത്. ആദ്യ ഷോകൾ അവസാനിക്കുമ്പോൾ ഭൻവർ സിങ്ങായുള്ള ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഫുൾ അല്ലു അർജുൻ ഷോയായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നായകനെ വിറപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എൻട്രി മുതൽ ഫഹദിന്റെ ഷോയാണ് സിനിമയിൽ എന്നാണ് അഭിപ്രായം.

അല്ലു അർജുനൊപ്പം കട്ടയ്ക്ക് തിളങ്ങുന്ന വില്ലൻ കഥാപാത്രമാണ് ഫഹദിന്റേത്. നായകൻ ആരുമാകട്ടെ ഫഹദ് തന്നെയായിരിക്കും സിനിമകളിലെ ഷോ സ്റ്റീലർ എന്നും പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. നേരത്തെ രജനികാന്ത് നായകനായ വേട്ടയ്യനിലും ഫഹദ് ഏറെ കയ്യടി വാങ്ങിയിരുന്നു.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ബാഹുബലി 2ന്റെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലോകമെമ്പാടുമായി 230 കോടി മുതൽ 250 കോടി രൂപ വരെ ആദ്യദിനത്തിൽ പുഷ്പ നേടുമെന്നാണ് കണക്കുകൂട്ടൽ.

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്സ് സ്‌ക്രീനിലടക്കം വമ്പൻ റിലീസായി ആണ് എത്തുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Fahadh Faasil perfomance in Pushpa 2 widely praised in social media

dot image
To advertise here,contact us
dot image