ശിവകാർത്തികേയൻ ചിത്രം അമരന്റെ അണിയറപ്രവർത്തകർക്കെതിരെ 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത് എന്ന പേരിൽ കാണിച്ചിരിക്കുന്നത് തന്റെ ഫോൺ നമ്പറാണെന്നും ഈ കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കാണിച്ചായിരുന്നു എൻജിനിയറിങ് വിദ്യാർത്ഥിയായ വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. ഇപ്പോൾ സംഭവത്തിൽ വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ്.
ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാൽ നിർമാതാക്കളുടെ പ്രതികരണം വളരെ വൈകിയെന്നാണ് വി വി വാഗീശൻ പ്രതികരിച്ചത്.
അമരനിലെ ഒരു രംഗത്തിൽ ശിവകാർത്തികേയന് സായ് പല്ലവി തന്റെ മൊബൈൽ നമ്പർ എഴുതിയ പേപ്പർ നൽകുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തിൽ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. സായ് പല്ലവിയുടെ നമ്പർ എന്ന് കരുതി പല കോണുകളിൽ നിന്നും ആളുകൾ വിളിക്കുകയും അതിന്റെ എണ്ണം വർധിച്ചത് മൂലം ഫോൺ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാർത്ഥി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ആരോ, ഇന്ദു റെബേക്ക വര്‍ഗീസ് വി വി എന്ന പേരിൽ ട്രൂ കോളറിൽ വാഗീശന്റെ നമ്പർ സേവും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള നമ്പർ ആയതിനാൽ അത് ഉപേക്ഷിക്കാനും തനിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയര്‍ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ മാർക്കറ്റിങ് കോളുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും മറ്റ് ഇൻകമിങ് കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് സേവനദാതാക്കൾ പറഞ്ഞത്.
പിന്നാലെ തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല എന്നാണ് വാഗീശൻ അന്ന് പരാതിയിൽ വ്യക്തമാക്കിയത്. ഈ കാരണത്താലായിരുന്നു സിനിമയുടെ നിർമാതാക്കളിൽ നിന്ന് വാഗീശൻ 1.1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
Content Highlights: Raj Kamal Films apologize to engineering student for using his number in Amaran