അജിത് ആരാധകരെ എന്നും ആവേശത്തിലാഴ്ത്തിയ കോംബോയാണ് അജിത് - വിഷ്ണുവർദ്ധൻ - യുവൻ ശങ്കർ രാജ. മൂവരും ഒന്നിച്ചപ്പോഴൊക്കെ അത് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ആരംഭം, ബില്ല എന്നീ രണ്ടു സിനിമകളിലാണ് ഈ കോംബോ ഒന്നിച്ചത്. ഇപ്പോഴിതാ വീണ്ടും മൂന്നാമതായി ഇവർ ഒന്നിക്കുന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
'ബില്ല 3 എന്തായാലും വരില്ല. പക്ഷെ അജിത് സാറിനെ വച്ച് മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ട്. അതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്', സംവിധായകൻ വിഷ്ണുവർദ്ധൻ പറഞ്ഞു. ബില്ല ഒന്നും രണ്ടും ഭാഗങ്ങൾ വന്നു, ഇനിയൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. ബിഹൈൻഡ് വുഡ്‌സ് അവാർഡിലാണ് വിഷ്ണുവർദ്ധൻ ഇക്കാര്യം പറഞ്ഞത്.
2007 ൽ പുറത്തിറങ്ങിയ ബില്ല എന്ന സിനിമയിലൂടെയാണ് ഈ കോംബോ ആദ്യമായി ഒന്നിക്കുന്നത്. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി എത്തിയ ബില്ല അന്ന് വരെ കണ്ട അജിത് സിനിമകളുടെ പാറ്റേണുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. വളരെ സ്റ്റൈലിഷ് ആയി അജിത് ബില്ല എന്ന കഥാപാത്രമായി എത്തിയപ്പോൾ ബോൾഡ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച് നയൻതാരയും കൈയ്യടി നേടി. യുവൻ ശങ്കർ രാജ ഈണം നൽകിയ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഇന്നും പ്രേക്ഷക പ്രിയങ്കരമാണ്.
തുടർന്ന് 2013 ൽ ആരംഭം എന്ന സിനിമയിലും ഈ കോംബോ വീണ്ടുമൊന്നിച്ചു. ചിത്രം മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നയൻതാര, താപ്‍സി, ആര്യ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ഇത്തവണയും വളരെ സ്റ്റൈലിഷ് ആയി ആയിരുന്നു വിഷ്ണുവർദ്ധൻ അജിത്തിനെ അവതരിപ്പിച്ചത്.
Content Highights: Ajith Vishnuvardhan Yuvan Combo to reunite soon for a film