കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ദിവ്യ പ്രഭ, കനി കുസൃതി, ഹൃദു ഹാറൂൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററിലെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
സ്പെഷ്യൽ സ്ക്രീനിംഗ് ആയിട്ടാണ് ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. ചിത്രം എന്നാണ് പ്രദർശിപ്പിക്കുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ നിരവധി ചലച്ചിത്രമേളകളിൽ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.
ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.
'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തി.
'ഇത്തരം പ്രതികരണങ്ങള്‍ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സിനിമയ്ക്ക് യുവജനങ്ങളുടെ ഭാഗത്ത് നിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നതെന്നും ദിവ്യ പ്രഭ റിപ്പോർട്ടർ ടിവിയോട് ആ സമയത്ത് പ്രതികരിച്ചിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്.
Content Highlights: Payal Kapadia film All We Imagine As Light to screen in IFFK