തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു 'കെെതി'. കൈതി 2ൽ സംഗീത സംവിധായകൻ സാം സി എസ് ഭാഗമാകുമെന്ന അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കൈതി ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയത് സാം സി എസായിരുന്നു. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞ സിനിമയിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധ നേടിയിരുന്നു. കൈതി രണ്ടാം ഭാഗത്തിനായി ലോകേഷ്- സാം സിഎസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ അത് ആരാധകർക്ക് ഏറെ ആവേശവുമുണർത്തുന്ന വാർത്തയാണ്.
2019 ഒക്ടോബർ 25 നാണ് 'കൈതി' തിയേറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2-വിൽ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂര്യയും കാർത്തിയും ഒന്നിച്ച് ചിത്രത്തിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിക്രത്തിലെ റോളക്സും കെെതിയിലെ ദില്ലിയും ഒന്നിച്ചാണോ അതോ നേര്‍ക്കുനേരാണോ പോരാടുക എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എല്‍സിയു ഫാന്‍സ്.
നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്.
Content Highlights: Sam CS to unite with Lokesh Kanakaraj for Kaithi 2