ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമയാണ് 'മാർക്കോ'. വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന സിനിമയാണ് മാർക്കോ. ചിത്രത്തിലെ പ്രോമോ സോങ്ങായിരുന്നു 'ഓൻ നിന്റെ മാർപാപ്പ'. ബേബി ജീന്‍ ആലപിച്ച ഗാനത്തിന്റെ ഫാസ്റ്റ് വേർഷൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യത്തെ വേർഷനിൽ നിന്ന് വ്യത്യസ്തമായി തിയേറ്ററിൽ ആഘോഷം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫാസ്റ്റ് വേർഷൻ ഒരുങ്ങിയിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് ഈണം പകർന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസര്‍ മ്യൂസിക് ഒരുക്കിയത് സയീദ് ആയിരുന്നു. ഡിസംബർ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി വർദ്ധിപ്പിച്ചിരിക്കുകയാണ്.
ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
Content Highlights: Team Marco releases Marpapa fast version song