കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമാണ് മെയ്യഴകൻ. മികച്ച പ്രതികരണം നേടിയ സിനിമയിലെ പ്രകടനങ്ങളും മ്യൂസിക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനുപം ഖേർ. ലളിതവും മനോഹരവുമായ മികച്ചൊരു ചിത്രമാണ് മെയ്യഴകൻ. ചിത്രം കണ്ട് താൻ ഒരുപാട് കരഞ്ഞെന്നും അനുപം ഖേർ എക്സിൽ കുറിച്ചു.
' മെയ്യഴകൻ കണ്ടു. എന്തൊരു മികച്ച ചിത്രം!! എൻ്റെ സുഹൃത്തുക്കളായ അരവിന്ദ് സാമിയും കാർത്തിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ഡിപ്പാർട്ട്‌മെൻ്റും ഗംഭീരം! മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് സിനിമയുടെ സംവിധായകൻ പ്രേംകുമാറിന്', അനുപം ഖേർ കുറിച്ചു.
മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചതെങ്കിലും മെയ്യഴകന് തിയേറ്ററിൽ അർഹിച്ച വിജയം നേടാനായിരുന്നില്ല. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടിയിൽ ലഭിക്കുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് മെയ്യഴകനെന്നാണ് പ്രതികരണങ്ങൾ.
സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യ, രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Watched #Meiyazhagan. What an OUTSTANDING film!! Simple, Beautiful and lyrical. Cried a lot.🥲BRILLIANT performances by my friend @thearvindswami and @Karthi_Offl. Every department of the film is superb! Kudos to the entire team. And specifically to the director of the film… pic.twitter.com/9JphvEDyI6
— Anupam Kher (@AnupamPKher) December 7, 2024
അക്ഷയ് റോയ് സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ചിത്രമായ 'വിജയ് 69' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അനുപം ഖേർ ചിത്രം. തന്റെ 69ാം വയസിൽ വിജയ് എന്നയാൾ ഒരു ട്രയാത്തലോണിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. അക്ഷയ് റോയ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മനീഷ് ശർമയാണ്. വൈആർഎഫ് എന്റർടെയ്ൻമെൻ്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
Content Highlights: Actor Anupam Kher praises Meiyazhagan and performances