മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി, പിന്നീട് മലയാള സിനിമാപ്രേമികളുടെ മനസ്സിൽ വ്യക്തമായ സ്ഥാനം നേടിയ നടനാണ് അജു വർഗീസ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ആരംഭിച്ച നടന്റെ കരിയർ വ്യത്യസ്ത വേഷങ്ങളിലൂടെ 14 വർഷങ്ങൾ കടന്നിരിക്കുകയാണ്. ഈ വേളയിൽ അജുവിന്റെ ചിരിയുണർത്തുന്ന പെർഫോമൻസ് പങ്കുവെച്ചിരിക്കുകയാണ് സുഹൃത്ത് കൂടിയായ സംവിധായകൻ അരുൺ ചന്ദു.
തമിഴ് ചിത്രം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മമ്മൂട്ടി-ഐശ്വര്യ റായ് ജോഡിയുടെ ഹിറ്റായ പ്രണയരംഗമാണ് അജു റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഏറെ ചിരിയുണർത്തുന്ന വീഡിയോയിൽ ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകൾ ഒരു സ്‍മാർട്ട് ഫോണിൽ പ്ലേ ചെയ്ത ശേഷം മമ്മൂട്ടിയുടെ ഭാഗങ്ങളാണ് അജു അവതരിപ്പിക്കുന്നത്. വീഡിയോയുടെ അവസാന ഭാഗങ്ങളിൽ ചിരി അടക്കുന്നതിന് കഷ്ടപ്പെടുന്ന നടൻ ഭഗത് മാനുവലിനെയും കാണാം.
'14 ഇയേഴ്സ് ഓഫ് നമ്മൾ ചെയ്യുമ്പോൾ മാത്രം എന്താടാ ശരി ആവാത്തേ?' എന്ന ക്യാപ്ഷ്യനോടെയാണ് അരുൺ ചന്ദു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാപ്രവർത്തകർ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. 'നിനക്കൊരു മറുക് വെക്കാമായിരുന്നില്ലേ' എന്നായിരുന്നു രമേശ് പിഷാരടിയുടെ കമന്റ്.
അതേസമയം സ്താനാർത്തി ശ്രീക്കുട്ടൻ, ഹലോ മമ്മി എന്നീ സിനിമകളാണ് അജു വർഗീസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സ്താനാർത്തി ശ്രീക്കുട്ടനിൽ ചക്രപാണി എന്ന അധ്യാപകന്റെ വേഷത്തിലാണ് നടൻ എത്തിയത്. അജുവിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ചക്രപാണി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഹലോ മമ്മിയിലാകട്ടെ ബോസ് എന്ന കോമഡി കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Aju Varghese recreating Kandukondain Kandukondain video viral