താൻ ഒരു കടുത്ത മോഹൻലാൽ ആരാധകനെന്ന് തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. പ്രയാസമുള്ള രംഗങ്ങളിൽ അഭിനയിക്കുക എന്നതിനേക്കാൾ ലളിതമായ രംഗങ്ങളിൽ അഭിനയിക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. ഏറ്റവും ലളിതമായ രംഗങ്ങളിൽ എങ്ങനെ അഭിനയിക്കണമെന്ന് മോഹൻലാൽ കാണിച്ചുതരുമെന്ന് നടൻ പറഞ്ഞു. ഇരുവർ, ദൃശ്യം മുതലായ സിനിമകളിലെ മോഹൻലാലിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
'തീർച്ചയായും ഞാനൊരു മോഹൻലാൽ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു സീൻ ഞാൻ എപ്പോഴും കാണാറുണ്ട്. അത് ഏത് സിനിമയിലേതാണ് എന്ന് എനിക്ക് ഓർമയില്ല. ഒരു ബെഡ്‌ഡിന് അടുത്ത് നിന്ന് ഒരു ചേച്ചിയോട് സംസാരിക്കുകയാണ്. ആ ചേച്ചിയെ തന്റെ അമ്മയെ പോലെയാണ് എന്ന് പറയുകയാണ് അദ്ദേഹം. എല്ലാവരും മുഖം കൊണ്ട് അഭിനയിക്കും. എന്നാൽ ആ സമയം അദ്ദേഹത്തിന്റെ വിരലുകൾ വളരെ മനോഹരമായാണ് ചലിക്കുന്നത്. അദ്ദേഹത്തിന്റ ശരീരവും വാക്കുകളും നൽകുന്ന അതേ ഇമോഷൻ അദ്ദേഹത്തിന്റെ വിരലുകളും നൽകുന്നുണ്ട്. അതുപോലെ ഇരുവർ, ദൃശ്യം മുതലായ സിനിമകളിൽ അദ്ദേഹം വിസ്മയിപ്പിച്ചു. മോഹൻലാലിന്റെ ബ്യൂട്ടി എന്തെന്നാൽ ഏറ്റവും ലളിതമായ രംഗങ്ങളിൽ എങ്ങനെ അഭിനയിക്കണമെന്ന് അദ്ദേഹം നിങ്ങളെ പഠിപ്പിക്കും,' എന്ന് രാജ് ബി ഷെട്ടി പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
The beauty of Mohanlal is, in the most simplest scenes he will teach you how to act…!!❤️
— Nammale lalettan MFC (@NLMFCofficial) December 8, 2024
- Raj b shetty @Mohanlal #Mohanlal #RajBShetty
pic.twitter.com/GxEkBnuT7J
'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടയാളാണ്. മലയാളത്തില്‍ 'ടര്‍ബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളില്‍ എത്തിയിരുന്നു.
രാജ് ബി ഷെട്ടി നായകനാകുന്ന 'രുധിരം' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. ജോസഫ് കിരണ്‍ ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് രുധിരം എത്തുന്നത്.
Content Highlights: Raj B Shetty talks about the acting of Mohanlal