സൂപ്പർതാരങ്ങളുടെ ബ്രഹ്മാണ്ഡ റിലീസുകൾ മുതൽ ചെറിയ സിനിമകൾ വരെ നിറഞ്ഞു നിന്ന വർഷമാണ് 2024. ഈ വർഷം സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഞെട്ടലുകളും ആശ്ചര്യങ്ങളും നിറഞ്ഞതായിരുന്നു. ഹൈപ്പൊന്നുമില്ലാതെ എത്തിയ ചെറിയ സിനിമകൾ വലിയ ബ്ലോക്ക്ബസ്റ്ററുകളായി മാറിയപ്പോൾ, തുടക്കത്തിൽ ഇൻഡസ്ട്രി ഹിറ്റുകളാകുമെന്ന് പ്രതീക്ഷിച്ച ചില ബിഗ് ബജറ്റ് ചിത്രങ്ങൾ തകർന്നടിഞ്ഞതും ഈ വർഷം ഇന്ത്യൻ സിനിമ കണ്ടു. 2024 അവസാനിക്കാൻ ഈ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം സെർച്ച് ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകൾ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പട്ടികയിൽ ബോളിവുഡ് ഹൊറർ കോമഡി ചിത്രം സ്ത്രീ 2വാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ വർഷം ഏറ്റവും അധികം കളക്ഷൻ നേടിയ ഹിന്ദി ചിത്രം കൂടിയാണ് സ്ത്രീ 2. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സ്ത്രീ 2 സംവിധാനം ചെയ്തത് അമർ കൗശിക്കാണ്. ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി 'സ്ത്രീ 2' സ്വന്തമാക്കിയിരുന്നു. ആഗോളതലത്തിൽ 800 കോടി ക്ലബ്ബിലും 'സത്രീ 2' ഇടം നേടി.
പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ബോക്സ് ഓഫീസിൽ 1000 കോടിക്ക് മുകളിൽ നേടി ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത സിനിമയിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പട്ടാണി, ശോഭന, പശുപതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.
വിക്രാന്ത് മാസി നായകനായ ട്വൽത് ഫെയിൽ, കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, തെലുങ്ക് ചിത്രം ഹനുമാൻ, വിജയ് സേതുപതി നായകനായ മഹാരാജ എന്നീ സിനിമകളാണ് മൂന്ന് മുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്ത് മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ഇടം നേടി. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമാണ് മഞ്ഞുമ്മൽ ബോയ്സിന് തൊട്ടുതാഴെയുള്ളത്. ഇതിന് പുറമെ ജിത്തു മാധവൻ-ഫഹദ് ഫാസിൽ ചിത്രം ആവേശവും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. പത്താം സ്ഥാനമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ പട്ടികയിൽ കന്നഡ സിനിമകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.
Content Highlights: Most searched movies on Google in 2024