നയന്‍താര നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ടോ?; വിമർശനങ്ങളിൽ പ്രതികരിച്ച് നയന്‍സ്

'പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ'

dot image

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള വിവാദം വാർത്തകളിൽ ഇടം നേടിയിരുന്നു. വിഷയത്തിൽ ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയുടെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിത് എന്നായിരുന്നു പലരും വിമർശിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നയൻ‌താര.

ഒരിക്കലും താൻ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നില്ല. ഇത് വിവാദമാക്കണമെന്ന് കരുതിയിരുന്നില്ല. ഡോക്യുമെന്‍ററി പുറത്തിറങ്ങുന്നതിന് മുമ്പ് കുറിപ്പ് പങ്കുവെക്കണമെന്ന് ഉദ്ദേശിച്ചിരുന്നതുമല്ല. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര വിഷയത്തിൽ പ്രതികരിച്ചത്.

'പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്തുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എന്നുവെച്ചാൽ ഞങ്ങളെ വളരെയധികം പിന്തുണച്ച ധാരാളം ആളുകൾ ഉണ്ട്. അതിൽ പലരും ധനുഷിന്‍റെ ആരാധകരായിരുന്നു. ഞങ്ങൾ നടത്തിയത് ഡോക്യുമെന്ററിക്കുള്ള പിആർ ആണെന്ന് പലരും ആരോപിച്ചു. എന്നാൽ അത് ശരിയല്ല. അത് ഞങ്ങളുടെ മനസ്സിൽ പോലും വന്നിട്ടില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്‍ററിയല്ലേ. ഇത് ഹിറ്റോ ഫ്ലോപ്പോ ആവുന്ന ഒന്നല്ലല്ലോ,' എന്ന് നയൻ‌താര പറഞ്ഞു.

താൻ പരസ്യമായി സംസാരിക്കുകയും പൊതുസ്ഥലത്ത് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്തതിനാലാണ് വിവാദമുണ്ടായത്. എന്നാൽ കുറിപ്പിന് മുമ്പ് ധനുഷിനെ ബന്ധപ്പെടാൻ ആത്മാർത്ഥമായി തന്നെ ശ്രമിച്ചിരുന്നു. എന്നാൽ അതിൽ ഫലമുണ്ടായില്ല. സുഹൃത്തുക്കൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചു, ധനുഷിൻ്റെ മാനേജരെ വിഘ്നേശ് പലതവണ വിളിച്ചിരുന്നുവെന്നും താനും മാനേജരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നയൻസ് പറഞ്ഞു.

തങ്ങളുടെ ഫോണുകളിൽ പകർത്തിയ ബിടിഎസ് ഫൂട്ടേജുകളാണ് ഉപയോഗിച്ചത്. അത്തരം ഫൂട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുന്‍പ് അങ്ങനെയായിരുന്നില്ല. മാത്രമല്ല അത് തങ്ങളുടെ ഫോണിൽ എടുത്ത റാൻഡം വീഡിയോസ് മാത്രമായിരുന്നു. ഇത് വളരെ അനീതിയാണ്. എവിടുന്നാണ് ധൈര്യം കിട്ടുന്നത് എന്ന് ചോദിച്ചാൽ ധൈര്യം വരുന്നത് സത്യത്തിൽ നിന്നാണ്. എന്തെങ്കിലും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ തനിക്ക് ഭയം തോന്നൂ എന്നും നടി പറഞ്ഞു.

Content Highlights: Nayanthara breaks silence on open letter to Dhanush

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us