'നീ എൻ നൻപൻ', 33 വർഷങ്ങൾക്ക് ശേഷം ദേവയും സൂര്യയും വീണ്ടുമെത്തുന്നു; 'ദളപതി' നാളെ തിയേറ്ററുകളിൽ

വളരെ മികച്ച ബുക്കിംഗ് ആണ് റീ - റിലീസിന് ലഭിക്കുന്നതെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സൂചന

dot image

തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത 'ദളപതി'. രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന ഒന്നാണ്. ഇപ്പോഴിതാ തന്റെ പിറന്നാളിനോട് അനുബന്ധിച്ച് 'ദളപതി' വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നാളെ ലോകത്തെമ്പാടുമുള്ള തിയേറ്ററുകളിൽ 'ദളപതി' റീ റിലീസ് ചെയ്യും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വളരെ മികച്ച ബുക്കിംഗ് ആണ് റീ റിലീസിന് ലഭിക്കുന്നതെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സൂചന. തമിഴ്‌നാട്ടിലെ പ്രശസ്തമായ തിയേറ്ററുകളിൽ ഒന്നായ രോഹിണി സിൽവർ സ്‌ക്രീനിൽ ഇതിനോടകം തന്നെ ചിത്രം 4500 ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. തമിഴ് നാട്ടിൽ ഇന്ന് രാത്രി മുതലാണ് ചിത്രത്തിന്റെ ഷോ ആരംഭിക്കുന്നത്. കേരളത്തിലും സിനിമക്ക് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിലാണ് ഇത്തവണ 'ദളപതി' പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്.

സൂര്യ എന്ന കഥാപാത്രമായി 'ദളപതി'യിൽ രജിനി തകർത്താടിയപ്പോൾ ദേവയായി മമ്മൂട്ടി ഞെട്ടിച്ചു. ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് സുരേഷ് ആണ്. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. 2022 ൽ രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബാ' റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 'ബാബ'യെ പോലെ വലിയ രീതിയിലുള്ള റിലീസ് ആണ് 'ദളപതി'ക്കും പദ്ധതിയിടുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ആക്ഷൻ ത്രില്ലർ ചിത്രം 2025 മെയ് മാസത്തിൽ പുറത്തിറങ്ങും, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ എന്നിവരും കൂലിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highights: Rajinikanth - Mammootty film Thalapathi to re release tomorrow in theatres

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us