പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ ഹൈദരാബാദ് പോലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റ് ഒരു പകപോക്കലാണെന്ന ആരോപണവും വിമര്‍ശനവുമായി അല്ലു ആരാധകര്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ചിരഞ്ജീവിയുടെ മെഗാഫാമിലിക്കെതിരെയാണ് ആരാധകരോഷം അണപൊട്ടിയൊഴുകുന്നത്. എന്തായിരിക്കാം അതിനുള്ള കാരണങ്ങള്‍?
തെലുങ്ക് സിനിമയിലെ ഏറ്റവും ശക്തരായ കുടുംബങ്ങളിലൊന്നായ ചിരഞ്ജീവിയുടെ മെഗാഫാമിലിയുമായി അത്ര സ്വരച്ചേർച്ചയിലല്ല ബന്ധു കൂടിയായ അല്ലു അര്‍ജുനെന്നാണ് ടോളിവുഡില്‍ നിന്നുള്ള സംസാരം. അല്ലു അര്‍ജുന്റെ അമ്മാവനാണ് ചിരഞ്ജീവി. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്താണ് മെഗാഫാമിലിക്കുള്ളിലെ തര്‍ക്കങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമായത്.
ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദ്യാല്‍ മണ്ഡലത്തിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശില്‍പ രവിയുടെ വീട് അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ചിരുന്നു. വീടിന് പുറത്ത് തടിച്ചു കൂടിയ ആരാധകരെ അല്ലു അര്‍ജുന്‍ അഭിസംബോധന ചെയ്തതോടു കൂടിയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ആരാധകര്‍ പറയുന്നത്. സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച ഇദ്ദേഹം ഇലക്ഷന്‍ പ്രചാരണത്തിനായി എത്തിയതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
അമ്മാവനായ പവന്‍ കല്യാണ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അല്ലു അര്‍ജുന്‍ പ്രചാരണം നടത്തി എന്ന നിലയില്‍ കൂടിയായിരുന്നു സന്ദര്‍ശനം വ്യാഖ്യാനിക്കപ്പെട്ടത്. സന്ദര്‍ശനം രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമല്ലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞെങ്കിലും അവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. പവന്‍ കല്യാണ്‍ ഇലക്ഷനില്‍ വിജയിച്ചപ്പോള്‍ കുടുംബത്തില്‍ നടന്ന ആഘോഷങ്ങളില്‍ അല്ലുവിന്റെ കുടുംബം ഉണ്ടായിരുന്നില്ല. പിന്നീട് താര കുടുംബത്തില്‍ നടന്ന പല ചടങ്ങുകളിലും അല്ലു അര്‍ജുന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇല്ലായിരുന്നു.
ഇലക്ഷന് ശേഷം പവന്‍ കല്യാണ്‍ നടത്തിയ പല പരാമര്‍ശങ്ങളും അല്ലുവിന് നേരെയുള്ള അമ്പുകളായിരുന്നുവെന്നും ആരാധകരുടെ കണ്ടെത്തലുണ്ട്. ഒരിക്കല്‍ കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി ഖന്ദ്രെയ്ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ 'പണ്ട് സിനിമകളില്‍ മരങ്ങള്‍ രക്ഷിക്കുന്നവരെ ഹീറോയായി കണ്ടിരുന്ന കാലത്തു നിന്നും, ഇപ്പോള്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തുന്നവരെ ഹീറോ ആയി യുവാക്കള്‍ ആരാധിക്കുന്നു'വെന്ന് പവൻ കല്യാൺ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുഷ്പ എന്ന അല്ലു അര്‍ജുന്‍ കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ ഉദ്ദേശിച്ചത് എന്ന് ഏറെക്കുറെ ഇതിൽ നിന്നും വ്യക്തമായിരുന്നു.
അല്ലു അര്‍ജുന്‍ - മെഗാ ഫാമിലി അകല്‍ച്ചയില്‍ പുഷ്പ 2 വിന്റെ ബോക്‌സോഫീസ് വിജയവും വലിയ ഘടകമാകും എന്നാണ് ടോളിവുഡില്‍ നിന്നുള്ള വിലയിരുത്തല്‍. പുഷ്പ 2വിന് ശേഷം തെലുങ്ക് സിനിമയില്‍ റിലീസാകുന്ന വന്‍ ചിത്രം രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറാണ്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായ ഒരു ചിത്രവും ഇറങ്ങിയിട്ടില്ല. മെഗ ഫാമിലിയുടെ പിന്‍ബലമില്ലാതെ അല്ലു ഒറ്റയ്ക്ക് ഒരു ചിത്രം 1000 കോടി ക്ലബില്‍ എത്തിച്ചത് രാം ചരണിന്റെ ഗെയിം ചേഞ്ചറിന് മുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്നാണ് വിവരം. പുഷ്പ 2വിന് റിലീസ് സമയത്തോ വിജയ സമയത്തോ മെഗ ഫാമിലിയില്‍ നിന്നും ആരും ആശംസ നേരാത്തതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കരിയറിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ മെഗാഫാമിലിയുടെ മേല്‍വിലാസത്തില്‍ നിലനില്‍ക്കാന്‍ അല്ലു അര്‍ജുന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് തെലുങ്ക് സിനിമാമേഖലയില്‍ നിന്നുള്ള പലരും ചൂണ്ടിക്കാണിക്കുന്നത്. മെഗാ ഫാമിലിയുമായി ചേര്‍ത്തുനിര്‍ത്താതെ തന്റെ കരിയര്‍ ഉയര്‍ത്തി കൊണ്ടുവരാനാണ് നടന്‍ ശ്രമിച്ചതെന്ന് ഇവര്‍ പറയുന്നു. പുഷ്പ 2വിന്റെ പ്രമോഷന്‍ പരിപാടികളിലെ അല്ലു അര്‍ജുന്റെ പ്രസംഗം വരെ ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മെഗാഫാമിലിയിലെ ഒരാളുടെയും പേര് പറയാതെയായിരുന്നു നടന്റെ പ്രസംഗം. പുഷ്പ പോലെ അല്ലു അര്‍ജുന്റെ സ്റ്റാര്‍ഡം നിര്‍ണായകമായ ചിത്രത്തിന്റെ വേദിയില്‍ മെഗാ ഫാമിലിയെ പരാമര്‍ശിക്കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് അല്ലു അര്‍ജുന്റെ അറസ്റ്റില്‍ മെഗാഫാമിലിക്കെതിരെ ആരാധകരോഷം ഉയരുന്നത്.
Content Highlights: Allu fans say Telugu mega family including Chiranjeevi behind Allu Arjun's arrest