പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നുള്ള അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടിയും 'പുഷ്പ'യിൽ അല്ലു അര്‍ജുന്റെ സഹതാരവുമായ രശ്മിക മന്ദാന. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഒന്നും വിശ്വസിക്കാനാവുന്നില്ല. തീർത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമായ കാര്യങ്ങളാണ് സംഭവിച്ചത് എന്ന് നടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ഈ കാണുന്നതൊന്നും വിശ്വസിക്കാനാവുന്നില്ല. നിർഭാഗ്യകരവും വളരെ സങ്കടകരവുമായ ഒരു സംഭവമാണ് നടന്നത്. എന്നിരുന്നാലും, എല്ലാം ഒരു വ്യക്തിയിൽ മാത്രം നിർത്തി കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്,' എന്ന് രശ്‌മിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
I can’t believe what I am seeing right now..
— Rashmika Mandanna (@iamRashmika) December 13, 2024
The incident that happened was an unfortunate and deeply saddening incident.
However, it is disheartening to see everything being blamed on a single individual. This situation is both unbelievable and heartbreaking.
നേരത്തെ ബോളിവുഡ് താരം വരുൺ ധവാനും തെലുങ്ക് നടൻ നാനിയുമെല്ലാം അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ചിരുന്നു. 'സുരക്ഷാ പ്രോട്ടോക്കോളുകൾ ഉണ്ട്. ഒരു നടന് എല്ലാം സ്വയം ഏറ്റെടുക്കാൻ കഴിയില്ല. നമുക്ക് ചുറ്റുമുള്ളവരോട് പറയാം. നടന്ന ദുരന്തം വളരെ ഹൃദയഭേദകമാണ്. ഞാൻ വളരെ ഖേദിക്കുന്നു. എന്റെ അനുശോചനം അറിയിക്കുന്നു. അതേസമയം ഈ സംഭവത്തിൽ നിങ്ങൾക്ക് ഒരാളിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ല,' എന്നായിരുന്നു വരുൺ ധവാന്റെ പ്രതികരണം.
'സിനിമാക്കാരുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാരുടെ കാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു, അത് ഹൃദയഭേദകമായിരുന്നു. ദുരന്തത്തിൽ നിന്ന് നമ്മൾ എല്ലാവരും പഠിക്കുകയും കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇവിടെ നമ്മൾ എല്ലാവരും തെറ്റുകാരാണ്. ഒരാൾ മാത്രമല്ല ഉത്തരവാദി,' എന്നാണ് നാനി കുറിച്ചത്.
Content Highlights: Rashmika Mandanna comments on the arrest of Allu Arjun