മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ബഡ്ജറ്റിൽ 3D യിൽ ഒരുങ്ങുന്ന സിനിമയുടെ മലയാളം, ഹിന്ദി ട്രെയ്‌ലറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ കന്നഡ ട്രെയ്‌ലറും പുറത്തിറക്കിയിരിക്കുകയാണ്. നടനും സംവിധായകനുമായ റിഷബ് ഷെട്ടി ഉൾപ്പടെയുള്ളവർ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ മാസ്മരിക ലോകം കന്നഡയിൽ വരികയാണ്. കലണ്ടറിൽ ഡിസംബർ 25 മാർക്ക് ചെയ്തോളൂ,' എന്ന് റിഷബ് ഷെട്ടി കുറിച്ചു.
The magical world of #Barroz3D, directed by Mohanlal, comes alive in Kannada! Watch the trailer and mark your calendars for the December 25 release.#Mohanlal #Barroz #SantoshSivan #AntonyPerumbavoor #AashirvadCinemas #DrBRaviPillai #Raviz #TKRajeevKumar #MarkKilian… pic.twitter.com/TpU1AQPxGJ
— Rishab Shetty (@shetty_rishab) December 13, 2024
നേരത്തെ ബറോസിന്റെ ട്രെയ്‌ലർ അമിതാഭ് ബച്ചനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ബറോസിന് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും എന്നാണ് ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ കുറിച്ചത്. ബോളിവുഡ് താരങ്ങളായ ജോൺ അബ്രഹാമും ജാക്കി ഷ്‌റോഫും ട്രെയ്‌ലർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിട്ടുണ്ട്. 'ഞാൻ ആഴത്തിൽ ബഹുമാനിക്കുന്ന ഒരാൾക്ക്', എന്നായിരുന്നു ജോൺ അബ്രാമിന്റെ പോസ്റ്റ്.
ബറോസ് ഒരു മികച്ച അനുഭവമായിരിക്കും എന്നും ബറോസ് മകൾക്കൊപ്പം തിയേറ്ററിൽ പോയി കാണുമെന്നുമാണ് അക്ഷയ് കുമാർ ഹിന്ദി ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
സിനിമയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടു. ഇസബെല്ലാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയിൽ നിന്ന് പാടുന്ന മോഹൻലാലിൻറെ വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Rishab Shetty shares the trailer of Barroz