അല്ലുവിനോട് തീവ്രവാദിയോട് എന്ന പോലെ പെരുമാറി, സിനിമാ വ്യവസായത്തിന് ഇത് കരിദിനം: രവി കിഷൻ

'ഇത് മുഴുവൻ അഭിനേതാക്കൾക്കും സിനിമാ വ്യവസായത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ ആരാധകർക്കും കരിദിനമാണ്'

dot image

പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നുള്ള അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ രവി കിഷൻ. സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു കരിദിനമാണെന്ന് രവി കിഷൻ പ്രതികരിച്ചു. അല്ലുവിനെ പോലെ ദേശീയ പുരസ്‌കാര ജേതാവായ ഒരു നടനോട് ഒരു തീവ്രവാദിയോട് എന്ന പോലെയാണ് പെരുമാറിയത് എന്നും രവി കിഷൻ എഎൻഐയോട് പ്രതികരിച്ചു.

'ഇത് മുഴുവൻ അഭിനേതാക്കൾക്കും സിനിമാ വ്യവസായത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ ആരാധകർക്കും കരിദിനമാണ്. സിനിമയിലേക്ക് വമ്പിച്ച ബിസിനസ്സ് കൊണ്ടുവന്ന ഒരു നികുതിദായകനാണ് അല്ലു അർജുൻ, അദ്ദേഹം ദേശീയ അവാർഡ് നേടിയ നടനാണ്. എന്തുകൊണ്ടാണ് ഈ കലാകാരനോട് ഇങ്ങനെ പെരുമാറിയത്? കോൺഗ്രസ് സർക്കാരിനും, അവിടെയുള്ള ഭരണകൂടത്തിനും എന്തെങ്കിലും വ്യക്തിപരമായ പകയുണ്ടോ?,' എന്ന് രവി കിഷൻ ചോദിച്ചു.

'എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇത് ഒരു വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്. അവർ ഇതിന് ഉത്തരം നൽകേണ്ടിവരും. ഇന്ത്യയില്‍‌ മാത്രമല്ല

ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ ആരാധകർ ഉത്തരം അർഹിക്കുന്നു. ഇത് വളരെ സങ്കടകരമായ ദിവസമാണ്. ഇത് ഞങ്ങളെ എല്ലാവരെയും വേദനിപ്പിക്കുന്നു, കാരണം അദ്ദേഹത്തെപ്പോലൊരു വ്യക്തിയോട് ഒരു തീവ്രവാദിയോടെന്ന പോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ മക്കൾക്കും കുടുംബാംഗങ്ങൾക്കും അത് എത്രത്തോളം വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകും? ഇത് തീർത്തും ദുഖകരമായ ദിവസമാണ്,' എന്നും രവി കിഷൻ പ്രതികരിച്ചു.

അതേസമയം ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ അല്പസമയം മുമ്പ് ജയിൽ മോചിതനായി പുറത്തുവന്നു. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വൻ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും അല്ലു അർജുൻ നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 'ആരാധകർ അടക്കമുള്ള നിരവധി പേർ എനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാൻ. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും' എന്നും അല്ലു അർജുൻ പറഞ്ഞു.

Content Highlights: Ravi Kishan response to Allu Arjun's arrest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us