7g റെയിൻബോ കോളനി, പുതുപ്പേട്ട, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് സെൽവരാഘവൻ. വ്യത്യസ്ത കഥാപശ്ചാത്തലത്തിലൂടെയും കഥപറച്ചിൽ മികവിലൂടെയും അദ്ദേഹം എന്നും സിനിമാപ്രേമികളെ ഞെട്ടിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനായി തിരിച്ചെത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 'മെന്റൽ മനതിൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ജിവി പ്രകാശ് കുമാറാണ് സിനിമയിൽ നായകനായി എത്തുന്നത്. ഒരു ചിത്രശലഭത്തിന്റെ പശ്ചാത്തലത്തിൽ വളരെ കളർഫുൾ ആയി കൂളിംഗ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ജിവി പ്രകാശ് കുമാറിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രം നിർമിച്ചിരിക്കുന്നതും സംഗീതം സംവിധാനം ചെയ്യുന്നത് ജിവിപി തന്നെയാണ്. ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ ഴോണറിൽ ആണ് സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സെൽവരാഘവൻ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, മയക്കം എന്ന തുടങ്ങിയ സിനിമകളുടെ സംഗീതം കൈകാര്യം ചെയ്തത് ജിവി പ്രകാശ് കുമാറായിരുന്നു. ഇരുവരും മൂന്നാം തവണ ഒന്നിക്കുന്ന സിനിമയാണ് 'മെന്റൽ മനതിൽ'.
Love ❤️ At its best ❤️ pic.twitter.com/0pFfbtNKbs
— selvaraghavan (@selvaraghavan) December 13, 2024
മാധുരി ജെയിൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. പാരലൽ യൂണിവേഴ്‌സ് പിക്ചേഴ്സിൻ്റെ ബാനറിൽ ആണ് സിനിമ നിർമിക്കുന്നത്. അരുൺ രാമകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ബാലാജിയാണ്. ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കും. ധനുഷിനെ നായകനാക്കി 2022 ൽ പുറത്തിറങ്ങിയ 'നാനെ വരുവേൻ' ആണ് ഏറ്റവും ഒടുവിലായി സെൽവരാഘവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ. ഒരു ഹൊറർ ആക്ഷൻ ഴോണറിൽ ഒരുങ്ങിയ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമക്ക് സാധിച്ചിരുന്നില്ല. യുവൻ ശങ്കർ രാജയായിരുന്നു സിനിമക്കായി സംഗീതം ഒരുക്കിയത്.
Content Highlights: Selvaraghavan next film titled Mental Manathil stars GV Prakash Kumar in lead