പുഷ്പ 2ന്റെ റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എത്താതിരുന്നതിനെ തുടർന്നുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി അല്ലു അർജുൻ. തന്റെ നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്നാണ് അല്ലുവിന്‍റെ വിശദീകരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടന്റെ പ്രതികരണം.
'ആ നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാൽ നിയമനടപടികൾ നടക്കുന്നതിനാൽ, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിനേയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,' എന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അല്ലു അർജുൻ ജയിൽ മോചിതനായതിന് പിന്നാലെ പിന്നാലെ നിരവധി സിനിമാതാരങ്ങൾ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുമുണ്ടായി. ഇതിനെ തുടർന്നാണ് അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകൻ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുന്ന ഈ സമയത്ത് ഇത്തരം ആഘോഷങ്ങൾ വേണമായിരുന്നോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. ഒപ്പം നടൻ ഇതുവരെ മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ചിലർ വിമർശിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്.
ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയേറ്റർ മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുന്നത്. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Allu Arjun's message for boy hurt in Pushpa 2 screening stampede