ദുല്‍ഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ സിനിമ കണ്ട് ഒരു ഘട്ടത്തില്‍ താന്‍ ടി വി ഓഫ് ചെയ്‌തിട്ടുണ്ടെന്ന് പറയുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി. സിനിമയിൽ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ടെന്‍ഷന്‍ ആയെന്നും രാത്രി കണ്ടാല്‍ ശരിയാകില്ല രാവിലെ കാണാം എന്ന് കരുതി ടി വി ഓഫാക്കിയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് ഒരു സീനില്‍ താന്‍ കരഞ്ഞെന്നും, കോമഡി സിനിമകളില്‍ പോലും ചില സീനുകളില്‍ മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ തനിക്ക് അറിയാതെ വിഷമം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്ന് ആയല്ലോ. അപ്പോള്‍ ഞാന്‍ ടി വി ഓഫ് ചെയ്തു കളഞ്ഞു. അത് കണ്ടപ്പോള്‍ എനിക്ക് ആകെ ടെന്‍ഷന്‍ ആയി. ഇത് രാത്രി കണ്ടാല്‍ ശരിയാകില്ല നാളെ രാവിലെ കാണാം എന്ന് ഞാന്‍ തീരുമാനിച്ചു. ആളുകളുടെ ഇടയില്‍ ഇരുന്ന് കാണുമ്പോള്‍ അത് കുഴപ്പം ഉണ്ടാകില്ല. പക്ഷെ ഒറ്റക്ക് കാണുമ്പോള്‍ അങ്ങനെ അല്ല.
അതുപോലെതന്നെ ടര്‍ബോ സിനിമ കാണുമ്പോള്‍ ആര്‍ക്കെങ്കിലും കരച്ചില്‍ വരുമോ, പക്ഷെ അത് കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇച്ചാക്ക(മമ്മൂട്ടി)യെ സ്‌ക്രീനില്‍ കാണുമ്പോള്‍ നമുക്ക് കിട്ടുന്ന ആ ഇലക്ട്രിക് പാസുണ്ടല്ലോ, ആ വ്യക്തിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ളൊരു ഫീലാണ്. കഥാപാത്രങ്ങളെയല്ല ഞാന്‍ ഇച്ചാക്കയെ തന്നെയാണ് കാണുന്നത്,’ ഇബ്രാഹിംകുട്ടി പറയുന്നു.
അതേസമയം, ഈ വർഷം പുറത്തിയ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ടർബോയും ലക്കി ഭാസ്കറും. മമ്മൂട്ടിയുടേയും ദുൽഖറിന്റെയും ഈ ചിത്രങ്ങൾ മികച്ച കളക്ഷനാണ് തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയത്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ തെലുങ്കിലാണ് ലക്കി ഭാസ്കർ ഇറങ്ങിയതെങ്കിലും എല്ലാ ഭാഷയിലും ചിത്രത്തെ ആരാധകർ സ്വീകരിച്ചിരുന്നു. ചെറിയ ഗ്യാപ്പിന് ശേഷമുള്ള ദുൽഖറിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്.
Content Highlights: Ibrahimkutty said he switched off the TV after watching the movie Lucky Bhaskar