'നിങ്ങളിവിടെ അപ്‌ഡേറ്റും നോക്കി ഇരുന്നോ ഞാൻ പോയി ഡാൻസ് കളിക്കട്ടെ'; വൈറലായി എസ് എസ് രാജമൗലിയുടെ വീഡിയോ

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള രാജമൗലി ചിത്രം

dot image

മികച്ച വിഷ്വലുകൾ കൊണ്ടും അതിഗംഭീരം കഥപറച്ചിൽ കൊണ്ടും ഇന്ത്യൻ സിനിമയിൽ വിസ്മയം തീർക്കുന്ന സംവിധായകനാണ് എസ് എസ് രാജമൗലി. സംവിധാനം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന രാജമൗലിയുടെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കല്യാണത്തിൽ ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന രാജമൗലിയാണ് ഇപ്പോൾ സംസാരവിഷയം.

തൻ്റെ അനന്തരവൻ ശ്രീ സിംഹയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിലാണ് രാജമൗലി ഭാര്യ രമാ രാജമൗലിയ്‌ക്കൊപ്പം ഡാൻസ് ചെയ്യുന്നത്. ഈ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. മികച്ച കഥകളെഴുതാനും സംവിധാനം ചെയ്യാനും അറിയാവുന്ന രാജമൗലിക്ക് ഇങ്ങനെ ഒരു കഴിവുമുണ്ടല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. എല്ലാവരും രാജമൗലിയുടെ അടുത്ത മഹേഷ് ബാബു സിനിമയുടെ അപ്ഡേറ്റ് പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ അദ്ദേഹമിവിടെ ഡാൻസ് കളിച്ച് ആസ്വദിക്കുകയാണെന്നും കമന്റുകൾ വരുന്നുണ്ട്.

ഇതാദ്യമായല്ല രാജമൗലിയുടെ നൃത്തച്ചുവടുകൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു മാസം മുമ്പ് സംഗീത സംവിധായകൻ എം എം കീരവാണിയുടെ മകൻ്റെ വിവാഹത്തിൽ സംവിധായകനും ഭാര്യയും നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള രാജമൗലി ചിത്രം. 1000 കോടി ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയെ നായികയായി പരിഗണിക്കുന്നു എന്ന് വാർത്തകള്‍ വന്നിരുന്നു. നടിയുമായി ചർച്ചകൾ നടന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: SS Rajamouli dance video goes viral on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us