സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് മുഹ്‌സിന്‍ പരാരി. മുഹ്‌സിൻ ഒരുക്കിയിട്ടുള്ള ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളതും. ഇപ്പോഴിതാ പാട്ടെഴുത്തില്‍ ഇടവേളയെടുക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. സംവിധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഗാനരചനയിൽ നിന്ന് ഇടവേളയെടുക്കുന്നത് എന്ന് മുഹ്‌സിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ഞാൻ ഗാനരചനയിൽ നിന്ന് ബ്രേക്കെടുക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നു (ചില ജോലികൾ തീർക്കാനുണ്ട്) പാട്ട് എഴുതുക എന്നത് ഞാൻ ഏറെ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണ്. എന്നാൽ അടുത്ത കുറച്ച് വർഷങ്ങൾ സ്വന്തം സംവിധാന സംരംഭങ്ങളിലും തിരക്കഥാ രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മള്‍ട്ടിടാസ്‌കിങ്ങില്‍ ഞാൻ പിന്നോട്ടാണ്,' എന്ന് മുഹ്‌സിൻ പരാരി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നേറ്റീവ് ബാപ്പ (2012) എന്ന സംഗീത ആൽബം സംവിധാനം ചെയ്തുകൊണ്ടാണ് മുഹ്‌സിൻ പരാരി തന്റെ കരിയർ ആരംഭിച്ചത്. 5 സുന്ദരികൾ (2013), ലാസ്റ്റ് സപ്പർ (2014) എന്നീ ഫീച്ചർ ഫിലിമുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. കെഎല്‍ 10 ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.
തല്ലുമാല, തമാശ,വൈറസ്, ഹലാല്‍ ലൗസ്റ്റോറി, സുലേഖ മന്‍സില്‍, ഭീമന്റെ വഴി തുടങ്ങി നിരവധി സിനിമകൾക്കായി അദ്ദേഹം ഹിറ്റ് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സൂക്ഷ്മദർശിനി എന്ന സിനിമയിലെ
'ദുരൂഹമന്ദഹാസമേ..' ആണ് മുഹ്‌സിന്റെ രചനയിൽ അവസാനമായി പുറത്തിറങ്ങിയ ഗാനം.
Content Highlights: Muhsin Parari announces break from song writing