മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. തിയേറ്ററുകളില്‍ എത്തിയതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ചിത്രം ഏറ്റുവാങ്ങിയത്. ഈ വര്‍ഷമാദ്യം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്‌തത്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ നടന്റെ തോളിലാണെന്ന് പറയുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളി തന്നെയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രം ഞാൻ ചെയ്തിരുന്നു, 'മലൈക്കോട്ടൈ വാലിബൻ'. സിനിമ വളരെ മികച്ചതാണ്, പക്ഷെ തിയേറ്ററുകളിൽ സിനിമ വിജയിച്ചില്ല. എനിക്കും എന്റെ ആരാധകർക്കും കുടുംബത്തിനുമെല്ലാം വിഷമമുണ്ടാക്കിയിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴവൻ നടന്റെ തോളിലാണ്. ശെരിയല്ലേ!' മോഹൻലാൽ ചോദിച്ചു.
നിരവധി പ്രതീക്ഷയുള്ള സിനിമകളാണ് ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും' ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.
Content Highlights: Mohanlal said If the film fails, the entire blame on the actor's shoulders