'ഇന്ത്യൻ 2 വിന് ഇത്രയും നെഗറ്റീവ് റെസ്പോൺസ് പ്രതീക്ഷിച്ചില്ല, മൂന്നാം ഭാഗം തിയേറ്ററിൽ തന്നെ'; ഷങ്കർ

ഇന്ത്യൻ മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു

dot image

കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ 2. 1996 ൽ വന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ഒരു മൂന്നാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടായിരുന്നു ഇന്ത്യൻ 2 അവസാനിച്ചത്. മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഷങ്കർ തന്നെ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.

ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും വികടന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞു. ഇന്ത്യൻ 2 വിന് ഇത്രയും നെഗറ്റീവ് റെസ്പോൺസ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലൂടെയും ഗെയിം ചേഞ്ചറിലൂടെയും മികച്ച അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ഷങ്കർ പറഞ്ഞു. 'ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ', ഷങ്കർ പറഞ്ഞു.

സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരായിരുന്നു ഇന്ത്യൻ 2 ലെ അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിർമിച്ചത്. രാംചരണിനെ നായകനാക്കി ഒരുങ്ങുന്ന ഗെയിം ചേഞ്ചർ ആണ് ഇനി പുറത്തിറങ്ങാനുള്ള ഷങ്കർ ചിത്രം. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചർ' ഒരുക്കിയിരിക്കുന്നത്.

Content Highlights: Indian 3 will release in theatres only says Shankar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us