'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്ന് സംവിധായകരിൽ ഒരാളായ അഖിൽ പോൾ. ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഐഡന്റിറ്റിയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ പോൾ പറഞ്ഞു.
'ഇൻവെസ്റ്റിഗേറ്റീവ് ട്രാക്കിൽ നിൽക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ടൊവിനോയും വിനയും തൃഷയും ചെയ്യുന്നത്. അന്വേഷണം ആയതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും സിനിമയിലുണ്ട്. ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി', അഖിൽ പോൾ പറഞ്ഞു
ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റിയെന്ന് നേരത്തെ സംവിധായകൻ അഖിൽ പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് 'ജവാൻ' പോലുള്ള സിനിമകളിൽ വർക്ക് ചെയ്ത യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖിൽ പോൾ പറഞ്ഞു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ഐഡന്റിറ്റി ജനുവരിയിൽ തിയേറ്ററുകളിൽ എത്തിക്കുന്നു. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
Content Highlights: The last 40 minutes of Identity is new to malayalam cinema