ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും മികച്ച കളക്ഷനാണ് സിനിമക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ അല്ലു അർജുൻ ആരാധകർക്ക് ആഘോഷിക്കാവുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
പുഷ്പ 2 വിൽ നിന്ന് ഡിലീറ്റ് ചെയ്ത 18 മിനിറ്റ് സീനുകൾ ഡിസംബർ 25 മുതൽ സിനിമയിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ 38 മിനിട്ടാകും. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. നേരത്തെ സിനിമയുടെ ഒടിടി റിലീസ് സമയത്ത് ചിത്രത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകൾ കൂട്ടിച്ചേർക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
റിലീസ് ചെയ്ത് പതിനാല് ദിവസങ്ങൾ കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2. ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. 293.3 കോടിയാണ് പുഷ്പയുടെ തെലുങ്ക് വേർഷന്റെ ആകെ കളക്ഷൻ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമകൾ. ഇതേ കളക്ഷൻ തുടർന്നാൽ വൈകാതെ തന്നെ പുഷ്പ 2, 2000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: 18 minutes of additional footage added in Pushpa 2