ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ സിനിമയാണ് സൂക്ഷ്മദർശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സീ 5 സ്വന്തമാക്കിയതായാണ് ട്വിറ്റർ ഫോറങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
വലിയൊരു തുകയ്ക്കാണ് സീ സൂക്ഷ്മദർശിനിയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രം 2025 ന്റെ തുടക്കത്തിൽ ഒടിടി റിലീസ് ചെയ്യുമെന്നും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എം സി ജിതിനാണ് സൂക്ഷ്മദർശിനി സംവിധാനം ചെയ്തിരിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇവർക്ക് പുറമേ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Basil Joseph and Nazriya movie Sookshmadarshini OTT update