കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. സിനിമയുടെ റിലീസിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ല എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് അപ്ഡേറ്റ് പങ്കുവെച്ചത്. മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് എന്ന സിനിമക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്. ഇല വീഴാപൂഞ്ചിറ, ജോസഫ് തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതിയതും ഷാഹി കബീറാണ്. ഇലവീഴാ പൂഞ്ചിറയുടെ സംവിധാനവും ഷാഹി കബീറായിരുന്നു. ഷാഹിയുടെ മുൻ ചിത്രങ്ങൾ എന്ന പോലെ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടിയും പൊലീസ് കഥയാണ്. ത്രില്ലർ ജോണറിലായിരിക്കും ചിത്രമൊരുങ്ങുന്നതെന്നാണ് നേരത്തെ പുറത്തുവന്ന ടൈറ്റിൽ ടീസറിൽ നിന്ന് മനസിലാവുന്നത്.
പ്രിയാമണിയാണ് ചിത്രത്തിലെ നായിക, ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയ വിലാസത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, പിആർഒ: ശബരി.
Content Highlights: Kunchako Boban film Officer on duty in theatres from february