മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ കുട്ടികളെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സെൻസറിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന.
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Mohanlal movie Barroz censoring completed