‘മാർക്കോ’ കണ്ടിറങ്ങിയു പ്രേക്ഷകരിൽ പലരും ഉന്നയിച്ച ചോദ്യമാണ് നടൻ റിയാസ് ഖാൻ ചിത്രത്തിൽ ഉണ്ടായിരുന്നോ എന്നത്. തിയേറ്ററുകളിൽ ആദ്യ പ്രദർശനം കാണാനെത്തിയ സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദിനോടും ഈ ചോദ്യം ചോദിക്കുകയുണ്ടായി. അദ്ദേഹം നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്.
സിനിമയുടെ ലൊക്കേഷന്‍ വീഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മ്മാതാവിന്‍റെ മറുപടി. അതേസമയം റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ‘റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ (സെന്‍സറിങില്‍) പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്,' ഷെരീഫ് മുഹമ്മദ് പറഞ്ഞത് ഇങ്ങനെ.
ഇന്ത്യൻ സിനിമയിലെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയേറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍ സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
Content Highlights: Producer Shareef Muhammad says that Riyaz Khan was there in Marco